ഇക്കണോമിക് ഫോറത്തിന് അരങ്ങൊരുങ്ങുന്നു

ദാവോസ്: ഈ വര്‍ഷത്തെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ അരങ്ങൊരുങ്ങുന്നു. 1971ല്‍ ക്ളോസ് ഷ്വാബ് ജനീവയില്‍ സ്ഥാപിച്ച വേള്‍ഡ് ഇക്കണോമിക് ഫോറം, രാഷ്ട്രീയ ~ വ്യവസായ നേതാക്കളെ ഒരുമിച്ചിരുത്തി ലോകം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്ന സ്വതന്ത്ര വേദിയാണ്. ദാവോസില്‍ തന്നെയാണ് എല്ലാ വര്‍ഷവും ഇതു നടത്താറ്.

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മൊബിലിറ്റി, പരിസ്ഥിതി, ഊര്‍ജം തുടങ്ങിയ മേഖലകളിലൂന്നിയാണ് ഇപ്പോള്‍ ഇക്കണോമിക് ഫോറത്തിന്റെ പ്രവര്‍ത്തനം. ഫണ്ട് ഇനത്തില്‍ 327 മില്യന്‍ സ്വിസ് ഫ്രാങ്ക് വാര്‍ഷിക വരുമാനവുമുണ്ട്.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ നാല്‍പ്പത്തൊമ്പതാം പതിപ്പാണ് ഈയാഴ്ച ആരംഭിക്കുന്നത്. ഏകദേശം മൂവായിരം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 22 ശതമാനമാണ് സ്ത്രീകള്‍, കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഒരു ശതമാനം കൂടുതല്‍.

ആദ്യമായി ഫോറത്തില്‍ പങ്കെടുക്കുന്ന ബ്രസീലിന്റെ പുതിയ വലതുപക്ഷ പ്രസിഡന്റ് ജൈര്‍ ബൊല്‍സോനരോ ആയിരിക്കും ഇത്തവണത്തെ സ്റ്റാര്‍ അട്രാക്ഷന്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആമസോണ്‍ മഴക്കാടുകളെ ബ്രസീല്‍ കൈകാര്യം ചെയ്യുന്ന രീതി ഫോറത്തില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാകാനും സാധ്യത.