പ്രാര്‍ഥിക്കാനും സ്മാര്‍ട്ട്ഫോണ്‍ ആപ്പ്

വത്തിക്കാന്‍സിറ്റി: ആഗോള കത്തോലിക്കാരെ പ്രാര്‍ഥനയ്ക്കു പ്രേരിപ്പിക്കാന്‍ ഇതാ ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ ഇതിന്റെ ലോഞ്ചിങ്ങും നിര്‍വഹിച്ചു.

ക്ളിക്ക് ടു പ്രേ എന്നാണ് ആപ്ളിക്കേഷന്റെ പേര്. മാര്‍പാപ്പ എന്തിനായാണ് ഓരോ സന്ദര്‍ഭത്തിലും പ്രാര്‍ഥിക്കുന്നതെന്ന് ഇതില്‍നിന്ന് അറിയാന്‍ കഴിയും. പ്രകൃതി ദുരന്തം നേരിടുന്ന ഒരു പ്രദേശത്തിനായോ, സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യത്തിനായോ ഒക്കെയുള്ള അത്തരം പ്രാര്‍ഥനകളില്‍ അങ്ങനെ മറ്റു വിശ്വാസികള്‍ക്കും പങ്കുചേരാം.

സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടത്തിയ ചടങ്ങില്‍ ടാബ് ഉപയോഗിച്ചാണ് മാര്‍പാപ്പ ഇതിന്റെ ലോഞ്ചിങ് നിര്‍വഹിച്ചത്. കൊളംബിയയും മെഡിറ്ററേനിയനുമാണ് ഇപ്പോള്‍ തന്റെ വേദനകളെന്നു പറഞ്ഞ് ആദ്യത്തെ പ്രാര്‍ഥനയ്ക്കുള്ള വിഷയവും അദ്ദേഹം നല്‍കി.