കുരുക്കഴിക്കാന്‍ കിണഞ്ഞു ശ്രമിച്ച് തെരേസ; പുതിയ കരാര്‍ തിങ്കളാഴ്ച

ബ്രിട്ടന്‍: ബ്രെക്സിറ്റ് കുരുക്കഴിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് തീവ്ര ശ്രമം തുടരുന്നു. യൂറോപ്യന്‍ യൂനിയനുമായി ഒപ്പുവെച്ച ബ്രെക്സിറ്റ് കരാര്‍ പാര്‍ലമന്‍െറ് തള്ളിയെങ്കിലും അവിശ്വാസപ്രമേയം പരാജയപ്പെട്ടത് നല്‍കിയ ആത്മവിശ്വാസവുമായാണ് മേയ് തുടര്‍ചര്‍ച്ചകള്‍ തുടരുന്നത്. എന്നാല്‍, കരാറില്ലാതെ ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കില്ലെന്ന ഉറപ്പുലഭിക്കാതെ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ഉറച്ചു നില്‍ക്കുകയാണ്. 

എല്ലാവര്‍ക്കും സ്വീകാര്യമായ കരാര്‍ രൂപവത്കരിക്കുന്നതിനാണ് ചര്‍ച്ചയെന്ന് മേയ് ആവര്‍ത്തിക്കുന്നു. പുതിയ ബ്രെക്സിറ്റ് കരാര്‍ മേയ് തിങ്കളാഴ്ചയാണ് പാര്‍ലമന്‍െറില്‍ അവവതരിപ്പിക്കുന്നത്. ജനുവരി 29ന് കരാറിന്മേല്‍ വോട്ടെടുപ്പ് നടത്താനാണ് പദ്ധതി. 

ദേശീയതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള കരാറാണ് ആവശ്യമെന്ന് എം.പിമാര്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷം വിട്ടുനിന്ന സാഹചര്യത്തില്‍ കണ്‍സര്‍വേറ്റിവ്, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി(ഡി.യു.പി) അംഗങ്ങളുമായാണ് ചര്‍ച്ച നടത്തിയത്. കരാര്‍രഹിത ബ്രെക്സിറ്റ് നടപ്പാക്കില്ലെന്നും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകുന്നതു സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തില്ലെന്നും മേയ് എം.പിമാര്‍ക്ക് ഉറപ്പുനല്‍കി. 

കരാറില്‍ എന്തൊക്കെ ഭേദഗതികള്‍ വേണമെന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂനിയനും ചര്‍ച്ചകള്‍ തുടരുകയാണ്. 2016 ജൂണിലാണ് യൂറോപ്യന്‍ യൂനിയനില്‍(ഇ.യു)നിന്ന് പുറത്തുപോകുന്നതിന് (ബ്രെക്സിറ്റ്) അനുകൂലമായി ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. 2019 മാര്‍ച്ച് 29ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബ്രിട്ടന്‍ ഇ.യു വിടണമെന്നാണ് ചട്ടം.

ഇ.യുവുമായി ചര്‍ച്ചകള്‍ നടത്തി വീണ്ടും കരാറുണ്ടാക്കുകയാണ് ഇനി മേയുടെ മുന്നിലുള്ള വഴി. മാത്രമല്ല, അത് പാര്‍ലമന്‍െറില്‍ വോട്ടിനിടുകയും വേണം. ഭരണ~പ്രതിപക്ഷ എം.പിമാരുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ ചുരുങ്ങിയ സമയത്ത് കുറ്റമറ്റ ബ്രെക്സിറ്റ് കരാര്‍ അവതരിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി.