ലോക മലയാളി സമൂഹത്തെ ഒരേ കുടക്കീഴിൽ ആക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപീകരിച്ച പ്രവാസി മലയാളി ഫെഡറേഷന് യുകെയിലും പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ നാഷണൽ കമ്മറ്റിക്ക് രൂപം കൊടുത്ത് പുതിയ കാൽവയ്പ്പിനു തുടക്കം കുറിച്ചിരിക്കുകയാണ് സംഘടന. ക്രോയിഡോണിലെ സൈമി ജോര്‍ജ്ജ് ആണ് നാഷണൽ കോര്‍ഡിനേറ്റര്‍ ആണ് ചുമതലയേറ്റിരിക്കുന്നത്.
മംഗളന്‍ വിദ്യാസാഗര്‍ – നാഷണൽ കമ്മറ്റി പ്രസിഡന്റായും ജോണ്സണ് തോമസ് – ജനറൽ സെക്രട്ടറിയായും ജോണി ജോസഫ് കല്ലട – ട്രഷററായും ചുമതലയേറ്റു. ബിനോ ആന്റണി – വൈസ് പ്രസിഡന്റ്, മോനി ഷിജോ – ജോയിന്റ് സെക്രട്ടറി, വര്‍ഗ്ഗീസ് ജോണ്‍ – യൂറോപ്പ് നാഷണൽ കമ്മറ്റി മെമ്പര്‍, സാം തിരുവാതിൽ – പ്രോജക്റ്റ് മാനേജര്‍ (അഡ്വൈസര്‍), ലീഡോ ജോര്‍ജ് – ചാരിറ്റി മാനേജ്മെന്റ്, അജിത് പാലിയത്ത് – കള്‍ച്ചറൽ കോര്‍ഡിനേറ്റര്‍, മീരാ കമല -കള്‍ച്ചറൽ കോര്‍ഡിനേറ്റര്‍, ആന്‍സി റോയ് – നാഷണൽ കമ്മറ്റി മെമ്പര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗഡേഷൻ മുന്‍ സെക്രട്ടറി ആയിരുന്ന സൈമി ജോര്‍ജ്ജ് സംഘടനാ പ്രവര്‍ത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ്. ക്രോയ്ഡോണിലെ ആദ്യ കാല സംഘടനയായ കെസിഡബ്ല്യുഎയുടെ ഇപ്പോഴത്തെ പ്രസിഡന്റും കൂടിയാണ് ഈ കോതമംഗലം സ്വദേശി. സൈമിയുടെ ഭാര്യ ക്രോയിഡോണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി നോക്കുകയാണ്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ദമ്പതികളുടെ മക്കള്‍. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലും സൈമി ചെയര്‍മാന്റെ റോളിൽ തിളങ്ങിയിരുന്നു.
45 വര്‍ഷമായി യുകെയിൽ താമസിക്കുന്ന മംഗളന്‍ വിദ്യാസാഗര്‍ എന്ന മംഗളവദനന് ഇവിടെ എത്തിയ കാലം മുതൽക്കു തന്നെ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായ പ്രവര്‍ത്തകനാണ്. മാതൃകാപരമായ ഇദ്ദേഹത്തിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിൽ സ്പെഷ്യൽ അച്ചീവ്മെന്റ് അവാര്‍ഡ് നൽകിയും ഓഐസിസി യുകെ ഘടകത്തിന്റെ സ്പെഷ്യൽ അച്ചീവ്മെന്റ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കെസിഡബ്ല്യുഎയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ മംഗള വദനന് വര്‍ഷങ്ങളായി ഈ അസോസിയേഷന്റെ വെൽഫെയര്‍ ഓഫീസര്‍ കൂടിയാണ്. ക്രോയിഡോണിൽ കുടുംബസമേതമാണ് താമസം.
സെക്രട്ടറിയായി ചുമതലയേൽക്കുന്ന ജോണ്സണ് തോമസ് ലണ്ടനു സമീപമുള്ള വാറ്റ്ഫോര്ഡിൽ കുടുംബ സമേതം താമസിക്കുകയാണ്. വാറ്റ്ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രവര്‍ത്തകനായും ഭാരവാഹികളിലൊരാളായും വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെയും യുകെയിലും ക്യാന്‍സര്‍, കിഡ്നി രോഗികളെ സഹായിക്കുവാനായി രൂപവൽക്കരിച്ച ഇന്‍സ്പയര്‍ യുകെ ചാരിറ്റിയുടെ ട്രസ്റ്റിമാരിൽ ഒരാള്‍ക്കു കൂടിയാണ് ജോണ്സണ്. യുകെ മലയാളിയുടെ ആരോഗ്യം ബാഡ്മിന്റനിലൂടെ എന്ന ആശയം മുന്നോട്ടു വച്ച മുഖ്യ സംഘാടകരിൽ ഒരാള്‍ ആണ് ജോണ്സണ്. നാട്ടിൽ തൊടുപുഴ സ്വദേശിയാണ് ജോണ്സണ്. ഭാര്യ ജോളി ജൊവിന, ജൂവൽ, ടോംലിന് എന്നിവര്‍ കുട്ടികള്‍.
ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറൽ അസോസിയേഷന്റെ പ്രസിഡന്റായി മൂന്നു വര്‍ഷക്കാലം പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ സെക്രട്ടറി സ്ഥാനം വഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജോണി ജോസഫ്. മികച്ച കായിക പ്രേമിയും പ്രായത്തെ ഒന്നും ഗൗനിക്കാതെ കായിക മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഒപ്പം മികച്ച സംഘാടകനായും ടീമുകള്‍ക്ക് ആത്മവിശ്വാസം പകരുന്ന നേതാവായും കയ്യടി നേടിയ വ്യക്തി കൂടിയാണ് ജോണി ജോസഫ്.
ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റ മോനി ഷിജോ ബര്‍മിങ്ഹാം മലയാളിയും ബാന്‍ഡ് സിക്സ് നഴ്സും കൂടിയാണ്. കഴിഞ്ഞ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിൽ ബെസ്റ്റ് നഴ്സ് കാറ്റഗറിയിൽ ഫൈനൽ റൗണ്ടിൽ പോരാടിയ മോനി മികച്ച നര്‍ത്തകിയും അവതാരികയും സംഗീത രംഗത്തും കഴിവു തെളിയിച്ച വ്യക്തിയാണ്. യുകെയിലെ തന്നെ ആദ്യ മലയാളി റേഡിയോ ജോക്കിമാരിൽ ഒരാളാണ് മോനി.
യുക്മ സ്ഥാപക നേതാക്കളിൽ ഒരാളും പ്രസിഡന്റുമായിരുന്ന വര്‍ഗീസ് ജോണ്‍ ആണ് യൂറോപ്പ് നാഷണൽ കമ്മറ്റി മെമ്പര്‍ ആവുന്നത്. യുക്മ സ്ഥാപക നേതാവും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൌണ്ടേഷൻ ഉപദേശക സമിതി അംഗവുമായ ബേസിംഗ്സ്റ്റോക്കിലെ സാം തിരുവാതിലിൽ ആണ് പ്രൊജക്ട് മാനേജരായി ചുമതലയേറ്റിരിക്കുന്നത്. ഹണ്ടിങ്ങ്ടൺ നോര്‍ത്തിൽ നിന്നുള്ള എക്സ് ഡിസ്ട്രിക്ട് ആന്റ് ടൗണ്‍ കൗണ്‍സിലറായ ലീഡോ ജോര്‍ജ്ജ് ആണ് ചാരിറ്റി മാനേജ്മെന്റിന്റെ ചുമതലയേറ്റിരിക്കുന്നത്. ഫോബ്മാ സ്ഥാപക പ്രസിഡന്റും സാഹിത്യ പ്രവര്‍ത്തകനും അഥേനീയം റൈറ്റേഴ്സ് യുകെയുടെ നേതൃത്വവുമായ അജിത്ത് പാലിയേത്ത് ആണ് കള്‍ച്ചറൽ കോര്ഡിനേറ്റാകുന്നത്.
എഴുത്തുകാരിയും പ്രഭാഷകയുമായ മീരാ കമല കള്‍ച്ചറൽ കോര്‍ഡിനേറ്ററായാണ് ചുമതലയേൽക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും തമിഴിലുമായി നിരവധി കവിതകളും ഗാനങ്ങളുമാണ് മീര ഇതുവരെ എഴുതിയിട്ടുള്ളത്. സ്നേഹ പൂര്‍വ്വം കടൽ എന്ന കവിതാ സമാഹാരവും തയ്യാറാക്കിയിട്ടുണ്ട്. പാട്ടുകള്‍ മലയാളത്തിൽ നിന്നും തമിഴിലേക്കും തമിഴിൽ നിന്നു മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. സൂര്യാ ടിവിയിൽ ന്യൂസ് പ്രൊഡ്യൂസറായി ജോലി ചെയ്തിട്ടുള്ള മീര ഇപ്പോള്‍ ബക്കിംഗ്ഹാംഷെയര്‍ യൂണിവേഴ്സിറ്റിയിലെ എയിൽസ്ബറി കോളേജിൽ മാത്തമാറ്റിക്സ് ലക്ചററാണ്. യുക്മ മുന്‍ വൈസ് പ്രസിഡന്റായ ആന്‍സി റോയ് – നാഷണൽ കമ്മറ്റി മെമ്പറായാണ് ചുമതലയേറ്റിരിക്കുന്നത്.
2007 ൽ ന്യൂയോര്‍ക്കിലാണ് പ്രവാസി മലയാള ഫെഡറേഷന് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 2014 ൽ നാട്ടിൽ രജിസ്റ്റര്‍ ചെയ്യുകയും 2017 ൽ എന്‍ജിഒ എന്ന് രീതിയിലേക്ക് മാറി പ്രവര്‍ത്തനം വിപുലപ്പെടുത്തുകയും ആയിരുന്നു. വാഗമണിൽ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് കൂടാതെ, കേരളത്തിൽ തിരുവനന്തപുരത്തും, തൃശൂരും ഓഫീസുകള്‍ ഉണ്ട്. നിലവിൽ ലോകമൊട്ടാകെയുള്ള 48 രാജ്യങ്ങളിലാണ് പ്രവാസി മലയാള ഫെഡറേഷന് പ്രവര്‍ത്തിക്കുന്നത്.
പ്രവാസ ജീവിത മേഖലകളിൽ നേരിടുന്ന കഷ്ടപ്പാടുകളിൽ ആലംബഹീനരാകുന്നവര്ക്ക് ആശ്വാസമരുളുന്ന നിറ കൈ ദീപമായി മാറിയ പ്രവാസി മലയാള ഫെഡറേഷന്റെ യുകെയിലെ പുതിയ നാഷണൽ കമ്മറ്റിക്ക് രൂപം കൊടുത്തതോടെ പുതിയ കാൽവയ്പ്പിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്കൊപ്പം നിന്നു ചിന്തിച്ചു കൊണ്ടും പിറന്ന നാടിന്റെ പുരോഗതിയിൽ തങ്ങളാൽ കഴിയുന്ന സഹായഹസ്തം നൽകി കൊണ്ട് യുകെയിലെ മലയാളികള്‍ എല്ലാവരും ഈ സംഘടനയിൽ അംഗമാകണം. എങ്കിൽ മാത്രമെ, യുകെയിൽ മലയാളികള്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരങ്ങള്‍ കാണുവാനും നേരിടുന്ന പ്രശ്നങ്ങള്‍ കൃത്യമായി അധികാരികള്‍ക്കു മുന്നിൽ അവതരിപ്പിക്കാനുള്ള ശക്തിയും ഉണ്ടാവുകയുള്ളൂ.